അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Showing posts with label കാവ്യചരിത്രവഴികൾ. Show all posts
Showing posts with label കാവ്യചരിത്രവഴികൾ. Show all posts

Monday, August 18, 2014

മുഹ്‌യിദ്ദീന്‍മാല-ഖാസി മുഹമ്മദ്.



'അറബി മലയാളത്തിലുള്ള ഖാസി മുഹമ്മദിന്‍റെ “മുഹ്‌യിദ്ദീന്‍മാല” “ജ്ഞാനപ്പാന”യുടെ കാലത്തിനും അല്‍പം മുന്‍പ് എഴുതിയ കൃതി എന്ന നിലയില്‍ കേരളത്തിലെ ഭക്തി പ്രസ്ഥാനത്തിന്‍റെ ആരംഭം കുറിക്കുന്ന കൃതിയായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഉമ്മഹാത്തുമാല, താഹിറാത്ത് മാല, ഫത്ഹുല്‍ ബഹ്നസ്, ആമിനുമ്മാന്‍റെകത്ത്‌ പരീക്കുട്ടി മുസ്‌ലിയാര്‍ രചിച്ച മുഹിമ്മാത്തുല്‍ മുഅ്‌മീനീന്‍ തുടങ്ങി നിരവധി അറബി മലയാളം കൃതികള്‍ ഇത്തരമൊരു പരിശോധനക്ക് വിധേയമാക്കുന്നത് നല്ലതായിരിക്കും എന്ന് തോന്നുന്നു. എഴുത്തച്ഛന്‍റെ സംസ്കൃത മലയാളം പോലെ അന്നത്തെ "പൊതുസമൂഹ"ത്തിലെ ശൂദ്ര-ബ്രാഹ്മണ സംസ്കാരമണ്ഡലത്തിന് സ്വീകാര്യമായില്ലെങ്കിലും അറബി മലയാളം കൃതികള്‍ ഇന്നത്തെ മലയാള ഭാഷാ രൂപികരണത്തില്‍ ചെറുതല്ലാത്ത പങ്കു വഹിച്ചിട്ടുണ്ട്‌ എന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളീയസമൂഹത്തിന്‍റെ ആത്മീയ പരിവര്‍ത്തനത്തിന്‍റെ നിര്‍ണായകമായ ഒരു ഘട്ടത്തെ മോയ്ഹുദീന്‍ മാല രേഖപ്പെടുത്തുന്നുണ്ട്. മുഹ്‌യിദ്ദീന്‍ ശൈഖിന്‍റേയും സൂഫി പാരമ്പര്യത്തിന്‍റേയും കൂടി ഓര്‍മ്മകള്‍ ആ കൃതി വിളിച്ചുണര്‍ത്തുന്നു. ജ്ഞാനപ്പാനയുടേയും മറ്റും രചന സാധ്യമായ ഒരു ആത്മീയ മണ്ഡലം രൂപപ്പെടുത്തുന്നതില്‍ അറബി മലയാളം കൃതികളുടെ ഭക്തി വീര്യം സഹായിച്ചിട്ടുണ്ട് എന്ന് കരുതുന്നതിലും തെറ്റുണ്ട് എന്ന് തോന്നുന്നില്ല.

ജ്ഞാനപ്പാനയില്‍
 ‘മാളിക മുകളേറിയ മന്നന്‍റെ
തോളില്‍ മാറാപ്പ് കേറ്റുന്നതും ഭവാന്‍’
എന്ന് പറയുന്നുണ്ട്. അതിനു സമാനമായ മുഹ്യുദീന്‍ മാലയിലെ വരികള്‍ ഇപ്രകാരമാണ്:
 1. “നിലയെ കൊടുക്കാനും നിലയെ കളവാനും
നായന്‍ അവര്‍ക്കൊനുവാദം കൊടുത്തോവര്‍”
 2. “അറിവും നിലയും അതേതും ഇല്ലാത്തോര്‍ക്ക്
അറിവും നിലയും നിറയെ കൊടുത്തോവര്‍
നിലയും അറിവും അതൊക്കെയും ഉള്ളോരെ
നിലയും അറിവും പറിച്ചു കളഞ്ഞോവര്‍”
 3. “നിലയേറെ കാട്ടി നടന്നൊരു ശൈഖിനെ
നിലത്തിന്‍റെ താഴെ നടത്തിച്ചു വച്ചോവര്‍”
 4. “മേലെ നടന്നോരെ താത്തിച്ചു വച്ചോവര്‍
മേലാല്‍ വരുന്ന വിശേഷം പറഞ്ഞോവര്‍”
 മാലപ്പാട്ടുകളുടെ സാംസ്കാരിക ഭൂമിക ചരിത്രപരമായി പരിശോധിക്കേണ്ടതുണ്ട്.അറബി മൌലിദുകളുടെ രചനാകാലത്തിനു ശേഷമാണ് മാലപ്പാട്ടുകള്‍ വരുന്നത് എന്നാണു പൊതുവേ വിശ്വസിക്കപ്പെടുന്നത്. മൌലിദ്‌ ചൊല്ലുന്നതുമായി ബന്ധപ്പെട്ടുള്ള മതപരമായ തര്‍ക്കങ്ങള്‍ ഇവിടെ അപ്രസക്തമാണ്. മൌലിദുകള്‍ക്ക്  ശേഷമാണ് അറബി മലയാളം ഒരു സ്വത്വരൂപീകരണത്തിന് വിധേയമാകുന്നത് എന്നാണ് ഞാന്‍ ഇപ്പോള്‍ കരുതുന്നത്. മൌലിദ്‌ ചൊല്ലുന്ന പാരമ്പര്യം ഇതിന്‍റെ ആവിര്‍ഭാവത്തിനു കാരണമായിട്ടുണ്ടാവാം എന്നും കരുതാവുന്നതാണ്. എന്ന് മാത്രമല്ല, മണിപ്രവാളത്തിന്‍റെ കാര്യത്തില്‍ തമിഴ് സംസ്കൃത ധാരകള്‍ ഇഴചേരുന്നതിനെ കുറിച്ച് അനന്തപുരവര്‍ണനം എന്ന മണിപ്രവാള കൃതിയില്‍
“തമിഴ് സംസ്കൃതമെന്നുള്ള
സുമനസ്സുകള്‍ കൊണ്ടൊരു
ഇണ്ടമാല കൊരുക്കുന്നേന്‍
പുണ്ഡരീകാക്ഷ പൂജയായ്”

എന്ന് പറയുന്നത് പോലെ, മുഹ്യുദീന്‍ മാലയില്‍

“മുത്തും മാണിക്യവും ഒന്നായി കോത്ത പോലെ
മുഹ്യുദീന്‍ മാലയെ കോത്താന്‍ ഞാന്‍ ലോകരെ”

എന്ന് പറയുന്നുണ്ട്. ഇത് അറബിയും മലയാളവും തമ്മില്‍ ചേര്‍ത്തതിനെ കുറിച്ചുള്ള ഒരു പ്രസ്താവന കൂടിയാണ്. ഭക്തിപ്രസ്ഥാനം ഉണ്ടായിരുന്നെങ്കിലും ഇല്ലെങ്കിലും ആത്മീയമായ അറബി മലയാള കൃതികള്‍ മധ്യകാല കേരളത്തില്‍ സജീവമായി പ്രചരിച്ചിരുന്നു.'

(ഡോ.ടി ടി ശ്രീകുമാർ മലയാളനാട്  Malayalnadu.com നു നല്കിയ  അഭിമുഖത്തിൽ നിന്ന്  http://www.malayalanatu.com/component/k2/item/1294-tt-sreekumar-interview)

(ആലാപനത്തിൽ കവിതയുടെ വരികൾക്ക് കടപ്പാട്: ഒറ്റ മാളിയേക്കൽ മുത്തുക്കോയ തങ്ങളുടെ മുഹ് യിദ്ദീൻ മാല പരിഭാഷ (അശ്റഫി ബുക്ക് സെന്റർ ,തിരൂരങ്ങാടി പ്രിന്റെഴ്സ്   മലപ്പുറം )





Friday, January 31, 2014

മലയാളകവിതയുടെ ചരിത്രവഴികള്‍ VII ഉണ്ണുനീലിസന്ദേശം



പ്രാചീന മണിപ്രവാള കൃതികളിൽ പ്രമുഖമായ സ്ഥാനം വഹിയ്ക്കുന്നവയാണ് സന്ദേശകാവ്യങ്ങൾ. വളരെ പുരാതനകാലം മുതല്ക്കേ സന്ദേശകാവ്യപ്രസ്ഥാനത്തിനു ഭാരതത്തിന്റെ മറ്റേതൊരു ഭാഗത്തെയും അപേക്ഷിച്ച് കേരളത്തിൽ  പ്രാധാന്യം സിദ്ധിച്ചിരുന്നു. ക്രി പി പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ രചിച്ച കേരളീയ കൃതിയായ   ശുകസന്ദേശം പ്രശസ്തമായ സന്ദേശകാവ്യം ആണ് . ഇത്തരം സന്ദേശകാവ്യങ്ങളെല്ലാം തന്നെ   ഭാവാത്മകവും ആതമനിഷ്ഠവുമായ ഗീതികാവ്യരീതിയിൽ കേരളീയകവികൾ ക്കുണ്ടായിരുന്ന സർഗ്ഗശേഷി എടുത്തു കാണിയ്ക്കുന്നവയായിയുരുന്നു . പ്രാചീന മണിപ്രവാള കാലത്തെ ഒട്ടുമിക്ക സന്ദേശ കവനങ്ങളെക്കുറിച്ചും ലീലാതിലകത്തിൽ പറയുന്നുണ്ട്‌.
സന്ദേശങ്ങളുടെ കൂട്ടത്ത്തിലെന്നല്ല മൊത്തം പ്രാചീന മണിപ്രവാള കൃതികൾ പരിഗണിക്കുമ്പോൾ പ്പോലും വളരെയധികം പ്രധാനം എന്ന് കരുതാവുന്ന കൃതിയാണ് ഉണ്ണുനീലിസന്ദേശം . ഈ കൃതിയുടെ കാലത്തെയും കർത്തവിനെയും പറ്റി ഒന്നും പറയാൻ സാധ്യമല്ലെങ്കിലും ഏകദേശം  ക്രി പി പതിന്നാലാം ശതകത്തിനിടയ്ക്കാവണം ഇതിന്റെ രചന എന്ന് കരുതപ്പെടുന്നു .
വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി അതായത് ഉണ്ണുനീലിയും പ്രിയതമനും കിടന്നുറങ്ങുന്ന സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ്  136 ശ്ലോകങ്ങളടങ്ങുന്ന പൂർവസന്ദേശം എന്ന
ഇവിടെ ചൊല്ലുന്ന കാവ്യഭാഗത്തിലുള്ളത്
 

അവലംബം
 

1. ഇളംകുളം കുഞ്ഞൻപിള്ളയുടെ ഉണ്ണുനീലിസന്ദേശവ്യാഖ്യാനം
2.മലയാള സാഹിത്യ ചരിത്രം -പി കെ പരമേശ്വരൻ നായർ-സാഹിത്യഅക്കാദമി
3. വിക്കിപീടിയ

Monday, November 18, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ VI ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ



പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ മറ്റൊരു മണിപ്രവാള കൃതിയാണ് ഉണ്ണിയാടീചരിതം  .  .ലഭ്യമായിട്ടുള്ള ഗ്രന്ഥം അപൂർണമാണ് ദാമോദരച്ചാക്യാർ ആണ് ഇതിന്റെ രചയിതാവ് എന്നു കാണുന്നു കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പതിന്നാലാം ശതകത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍
പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം.
. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.
.രചനാസൗഷ്ഠവത്തിൽ മികച്ചുനിൽക്കുന്ന കാവ്യമാണിത് . ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നുവെങ്കിലും   പലേടത്തും ഗദ്യമാണ് കൂടുതൽ. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത് 'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍
തൊടുകുറികലിതനുതല്‍, നടമിടു പുരികനടി
ചടുലതയുടയ മിഴി, വടിവെഴുമധരരുചി,
ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'
എന്നാണ്.  ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ ഭാഷയുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം.  കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.
അവലംബം :
1. കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
2. ഉണ്ണിയാടീചരിതം (വിക്കിപീടിയ)
3.ദാമോദരച്ചാക്യാര്‍

Saturday, November 16, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ V ഉണ്ണിയച്ചീചരിതം -തേവൻ ചിരികുമാരൻ



  പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും  മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യം എന്നും കരുതപ്പെടുന്ന  കൃതിയാണ് ഉണ്ണിയച്ചീചരിതം.. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട  കൃതിയാണിത്. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.

തേവർ ചിരികുമാരൻ  ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്ന് കാവ്യത്തിൽ പരാമര്‍ശിയ്ക്കുന്നു.

 ഈ കൃതിയില്‍  തന്നെയുള്ള പരാമര്‍ശങ്ങള്‍ വെച്ച് എ ഡി  1346 നു മുന്പായിരിയ്ക്കണം ഉണ്ണിയച്ചീചരിതം എഴുതപ്പെട്ടതു എന്ന് ഉള്ളൂര്‍ അനുമാനിയ്കുന്നു  .സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയായസുന്ദരിയായ ഉണ്ണിയച്ചിയില്‍ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം.

 അവലംബം :  കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
ഈ ലിങ്കുകള്‍ കാണുക
ഉണ്ണിയച്ചീചരിതം വിക്കിപീടിയ
പ്രാദേശികത ഉണ്ണിയച്ചീചരിതത്തില്‍ ശ്രീജിത്ത്‌,ജി

Thursday, November 14, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ IV ഉണ്ണിച്ചിരുതേവീചരിതം

ഉണ്ണിച്ചിരുതേവീചരിതം
(അജ്ഞാതകര്‍ത്തൃകം)

സംസ്കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയിൽ ചമ്പുക്കൾ ഉണ്ടായത്. മണിപ്രവാളഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇവ മണിപ്രവാളചമ്പുക്കൾ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ്‌ ചമ്പുക്കൾ. ചമ്പൂകാവ്യങ്ങൾ വർണനാപ്രധാനങ്ങളാണ്‌. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വർണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട് ‍‌. പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. ഉണ്ണിയച്ചീ ചരിതം  ഉണ്ണിയാടീചരിതം എന്നിവയെപ്പോലെ തന്നെ  സ്വതന്ത്രകല്പനകള്‍ ആയി രചിയ്ക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഉണ്ണിച്ചിരുതേവീചരിതവും .രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
ബ്രാഹ്മണഗ്രാമങ്ങളിൽ ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. . ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്.

 ചോകിരം ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്.  
പുതുമലർക്കാവിൽവന്നെഴുമിളംകൊടികളും
കൊടികൾപൂവിതളിൽനിന്റുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും
മഹിതകര്‍മ്മങ്ങളില്‍ പരിഗളന്മടികളും
തുംഗമേധാപതത് കുതിരതന്നടികളും
വനമുഖേ ചകിത മാന്‍ ഝടിതി പാഞ്ഞൊടികളും
നദികളില്‍ കലിവിധൌ കൃതവധൂതുടികളും
നളിനിയില്‍കളിചെയ്യും കളഭമും പിടികളും
വിഫലസൂകരമഹാ മുരിടകൈത്തടികളും
വിടരിൽ നന്മുടികളും പെരുക നല്ലടികളും
നടികളും കുടികൊളും പൊയിലമെന്റുണ്ടു
തത്രൈവ ഭാഗേ.

പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ ഉണ്ണിച്ചിരുതേവീചരിതത്തിൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു . കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ  തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും ഇവിടെയുണ്ട്
.മണിപ്രവാളസാഹിത്യത്തിൽ വർണ്ണിക്കുന്ന കൂത്തസ്ത്രീകൾ ദേവദാസികളല്ല, കൂത്തമ്പലങ്ങളിൽ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്;.. മണിപ്രവാളസാഹിത്യത്തിൽ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. ‘നടവിടകവിവരകേളീനില’യമാണ് ചോകിരം ഗ്രാമം. ‘വിടരിൽ നന്മുടികളും പെരുകു നല്ലടികളും നടികളും’ കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം

വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വർണ്ണന ഇങ്ങനെ ..
“ ചെന്താമരമലർ ചേവടിയെന്റാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ.
പുറവടി നളിനപ്പുറവിതളെന്റാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാൽ
കേകിഗളങ്ങൾ പലാതികൾ കേഴും.'

കാവ്യഗുണം കൊണ്ട് മറ്റു രണ്ടു അച്ചീചരിതങ്ങളിലും മുന്നിട്ടുനില്‍ക്കുന്നുണ്ട് ഈ കൃതി എന്നാണു പണ്ഡിതമതം . കിളിപ്പാട്ട്, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്, കുയിൽവൃത്തം, ഗാഥ തുടങ്ങിയ കാവ്യരൂപങ്ങളെക്കുറിച്ചുള്ള സൂചന ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്. ലീലാതിലകത്തിൽ ഉദ്ധരിച്ച ‘സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും’ എന്ന മണിപ്രവാളത്തെക്കുറിച്ചുള്ള ആശയം ഉൾക്കൊള്ളുന്ന ഭാഗവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണാം.

അവലംബം : 1.വിക്കിപീഡിയ
2.കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
3.മധ്യകാലമലയാളകവിത(ഡോ:അയ്യപ്പപ്പണിയ്ക്കര്‍,നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ )

Wednesday, October 30, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ III ലീലാതിലകം



മണിപ്രവാളം

മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാള സാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു പുതിയ വഴി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്.
ആര്യന്മാർ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം.സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്.
ലീലാതിലകം
മണിപ്രവാള(മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു [1]. ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ൽ ഈ പുസ്തകം ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
  
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്.സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം ഓരോ ശില്പത്തിലേയും ഉള്ളടക്കം താഴെക്കൊടുക്കും പ്രകാരമാണ്.
ഒന്നാം ശില്പം :ഒന്നാം ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാർക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങൾ, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
രണ്ടാം ശില്പം:രണ്ടാം ശില്പത്തിൽ  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
മൂന്നാം ശില്പം:മൂന്നാം ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു.
നാലാം ശില്പം:നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുർവൃത്തം, സാമാന്യം, ശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങൾ, സ്ത്രീകൾക്ക് പേരിടൽ എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു.
അഞ്ചാം ശില്പം:അഞ്ചാമത്തെ ശില്പത്തിൽ  ശില്പനിരൂപണം, ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു.
ആറാം ശില്പം:ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങൾ.
ഏഴാം ശില്പം:ഏഴാം ശില്പം അർത്ഥാലങ്കാര ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം.
എട്ടാം ശില്പം:എട്ടാം ശില്പത്തിൽ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.

അവലംബം: ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ 'മലയാള കാവ്യ രത്നാകരം '( സാഹിത്യ അക്കദമി ),വിക്കിപീടിയ
Sayahna എന്ന  ഈ ലിങ്ക് കൂടി സന്ദർശിക്കൂ :

Tuesday, October 30, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ II -തിരുനിഴല്‍മാല -ഗോവിന്ദകവി




കവിതയുടെ സാരം കാണുക
പാട്ടു പ്രസ്ഥാനത്തിലെ പ്രാചീനകൃതികളിൽ ഒന്നാണ് തിരുനിഴൽമാല. തിരുവാറന്മുള അപ്പന്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന ഈ കൃതിയാണോ, രാമചരിതമാണോ പഴക്കമേറിയത് എന്ന തർക്കം നിലനിൽക്കുന്നു. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് ഗാഢമായി അടുപ്പമുളള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു.ആറന്മുള ഗ്രാമത്തിന്റെ പുറംചേരിയായ അയിരൂർ പ്രദേശക്കാരനായ ഗോവിന്ദൻ രചിച്ച കാവ്യമാണിതെന്നു വിശ്വസിക്കുന്നു. തിരുനിഴൽമാല ക്രി. വ. 1200-നും 1300-നും ഇടയ്ക്ക് രചിച്ചതാകമെന്നു കാവ്യം സംശോധിച്ചു പ്രസിദ്ധീകരിച്ച (1981) ഡോ. എം. എം പുരുഷോത്തമൻ നായർ അഭിപ്രായപ്പെടുന്നു.

ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീർത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴൽമാലയുടെ ഒന്നാം ഭാഗത്തിൽ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങൾ, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ തൂവലുഴിയൽ, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയർ അർപ്പിക്കുന്ന ബലിയുടെ വർണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികൾ, അതിൽ പങ്കെടുക്കുന്നവർ, പ്രകീർത്തിക്കപ്പെടുന്ന ദേവചരിതങ്ങൾ, കുറത്തിനൃത്തം, നിഴലേറ്റൽ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലർത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങൾ, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയിൽ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകർത്താവ്.

ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയിൽ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാൽ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളിൽ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തിൽ മുഖ്യമായി കാണുന്നത്. എന്നാൽ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങൾ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങൾ ഇതിൽ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങൾ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങൾ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂർ ജില്ലയിലെ വെളളൂരിലുളള ചാമക്കാൻ ദേവസ്വത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്.

രാമചരിതത്തിന്റെ ഭാഷയുടെ ലക്ഷണമായി ലീലാതിലകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതിൽ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത് പാട്ടു പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന തിരുനിഴൽമാല പാട്ടായി കണക്കാക്കാവുന്ന കൃതിയാണ്.
അവലംബം : http://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B5%BD%E0%B4%AE%E0%B4%BE%E0%B4%B2 http://mal.sarva.gov.in/index.php?title=%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A8%E0%B4%BF%E0%B4%B4%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B4%BE%E0%B4%B2

Thursday, September 13, 2012

മലയാളകവിതയുടെ ചരിത്രവഴികള്‍ I ഇരാമചരിതം -ചീരാമകവി


കൊല്ലവർഷാരംഭം മുതൽ ഏകദേശം അഞ്ഞൂറുവർഷത്തോളം മലയാളഭാഷ ശൈശവത്തിൽ തന്നെ കഴിഞ്ഞു കൂടി. ഈ കാലഘട്ടത്തിൽ പലതരം നാടൻപാട്ടുകളാണ് നമ്മുടെ സാഹിത്യത്തിലുണ്ടായിരുന്നത്. ദേശത്തിന്റെ പരദേവതകളെക്കുറിച്ചുള്ള സ്തോത്രങ്ങൾ, വീരപുരുഷന്മാരുടെ അപദാനങ്ങളെ വർണ്ണിക്കുന്ന ഗാനങ്ങൾ, ഏതെങ്കിലും ചില ജാതിക്കാരുടെ കുലവൃത്തി നടത്തുന്നതിന് ഉപയോഗിക്കുന്ന പാട്ടുകൾ, വിനോദങ്ങൾക്കു വേണ്ടിയുള്ള ഗാനങ്ങൾ ഇങ്ങനെ വിവിധതരം ഗാനങ്ങളാണ് മലയാളഭാഷയുടെ ശൈശവ കാലത്ത് ഉണ്ടായിരുന്നത്. ഭദ്രകാളിപ്പാട്ട്, തോറ്റംപാട്ട്, മാവാരതംപാട്ട്,ശാസ്ത്രാങ്കപ്പാട്ട്, നിഴൽക്കൂത്ത്പാട്ട്, സർപ്പപ്പാട്ട്,ശാസ്താംപാട്ട്, തിയ്യാട്ടുപാട്ട്,പുള്ളൂവർപാട്ട്, മണ്ണാർപാട്ട്, പാണർപാട്ട്, കൃഷിപ്പാട്ട്, തമ്പുരാൻപാട്ട്, പടപ്പാട്ട്, വില്ലടിച്ചാൻപാട്ട്, ഓണപ്പാട്ട്, കുമ്മികൾ,താരാട്ടുകൾ ഇങ്ങനെ വിവിധ നാമധേയങ്ങളിലായി അവ ഇന്നറിയപ്പെടുന്നു. കൃത്യമായ ഒരു പെറുക്കിയടുക്കല്‍ സാധ്യമല്ലാത്ത വിധം പറന്നു കിടക്കുന്ന അവയെ തല്‍ക്കാലം മാറ്റിവെച്ചു രേഖപ്പെടുത്തപ്പെട്ടിട്ടുള്ള രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) മുതലുള്ള കവിതകളാണ് ഇവിടെ ചൊല്ലുന്നത്.
രാമചരിതം(ചീരാമകവി)-ഒന്നാം പടലം




മറ്റു  ഭാഷകളിലെന്ന  പോലെ  മലയാളത്തിലും  വാമൊഴി,  വരമൊഴി പാരമ്പര്യങ്ങളില്‍ ഉള്ള രണ്ടാം സഹസ്രാബ്ദത്തിലെ മധ്യകാല സാഹിത്യം (12 -17 നൂറ്റാണ്ടുകള്‍ എന്ന് സാമാന്യമായി പറയാം- കൃത്യമായ ഒരു കാലഗണന അല്ല ) സവിശേഷ ശ്രദ്ധ അര്‍ഹിക്കുന്നതാണ് . ഇന്ന് മലയാളമായി അറിയപ്പെടുന്ന കേരളത്തിലെ വ്യവഹാര ഭാഷയോട് ചേര്‍ന്ന് നില്‍ക്കുന്ന രൂപത്തില്‍- കുറെയൊക്കെ സമകാല തമിഴ് ഭാഷയോടും- ഈ കാലത്ത് പ്രധാനമായും വാമൊഴി പാരമ്പര്യത്തിലുള്ള തെക്കന്‍ പാടുകള്‍ കൂടാതെ വരമൊഴിയിലുള്ള നിരവധി കൃതികളും  തെക്കന്‍ കേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്നു. അതില്‍ ആദ്യകാല കൃതികളില്‍ ഒന്നായി പരിഗണിക്കപ്പെടുന്നതാണ്   രാമചരിതം (ചീരാമകവിയുടെ ഇരാമചരിതം) . ഭാഷാ   ചരിത്രത്തില്‍ ഏറ്റവും പഴക്കം പറയുന്നത് ഈ കൃതിക്കാണെന്ന് കാണുന്നു. ‘ചീരാമൻ ’ എന്നൊരു കവിയാണ് പ്രസ്തുത കൃതി രചിച്ചിരിക്കുന്നത്. തിരുവിതാംകൂർ ഭരിച്ചിരുന്ന ഒരു ശ്രീരാമവർമ്മനാണ് കൃതിയുടെ കർത്താവെന്നു മഹാകവി ഉള്ളൂർ അഭിപ്രായപ്പെടുന്നു. ആകെ 1814 പാട്ടുകളാണ്ഈ കൃതിയിലുള്ളത്. ഇന്നത്തെ മലയാളത്തിനോടും തമിഴിനോടും ചില സമാനതകള്‍ ഉള്ള ഭാഷയാണ്‌ ഈ കൃതിയില്‍ ഉള്ളത്. ഇതൊരു തമിഴ് കാവ്യമാണെന്നു വിശ്വസിക്കുന്നവരുണ്ട്.   യുദ്ധകാണ്ഡത്തെയാണ് ഈ കൃതിയില്‍ കവി മുഖ്യമായും അവതരിപ്പിക്കുന്നത്. മറ്റ് കാണ്ഡങ്ങളിലെ കഥാഭാഗങ്ങൾ പലയിടത്തും സൂചിതമായിട്ടുണ്ട് . മലയാള കവിതയുടെ ചരിത്ര വഴികള്‍ അടയാളപ്പെടുത്തുമ്പോള്‍ ഒഴിവാക്കാനാവാത്ത കൃതിയാണ് എന്നതിനാലും ഇന്നത്തെ കേരളവുമായി ബന്ധിപ്പിക്കാവുന്ന ഭൂമിശാസ്ത്ര മേഖലയിലെ ഏറ്റവും പഴക്കമുള്ളതാവാനിടയുള്ള  വരമൊഴി രചന എന്ന തലത്തിലും, ഈ കൃതിയെ അംഗീകരിച്ചുകൊണ്ട്, ഇവിടെ ആദ്യമായി ചെല്ലുന്നത് രാമചരിതത്തിലെ വരികളാണ്

“കാനനങ്കളിലരൻ കളിറുമായ്‌ക്കരിണിയായ്‌
കാർനെടുങ്കണ്ണുമ തമ്മിൽ വിളയാടിനടന്റ-
ന്റാനനം വടിവുളളാനവടിവായവതരി-
ത്താതിയേ, നല്ല വിനായകനെന്മൊരമലനേ,
ഞാനിതൊന്റു തുനിയിന്റതിനെൻ മാനതമെന്നും
നാളതാർതന്നിൽ നിരന്തരമിരുന്തരുൾ തെളി-
ന്തൂനമറ്ററിവെനക്കു വന്നുതിക്കുംവണ്ണമേ
ഊഴിയേഴിലും നിറൈന്ത മറഞ്ഞാനപൊരുളേ!”
ഞാനമെങ്കൽ വിളയിച്ചു തെളിയിച്ചിനിയചൊൽ-
നായികേ, പരവയിൽത്തിരകൾനേരുടനുടൻ
തേനുലാവിന പതങ്കൾ വന്തു തിങ്ങി നിയതം
ചേതയുൾത്തുടർന്നു തോന്റുംവണ്ണമിന്റുമുതലായ്‌
ഊനമറ്റെഴും ഇരാമചരിതത്തിലൊരു തെ-
ല്ലൂഴിയിൽച്ചെറിയവർക്കറിയുമാറുരചെയ്‌വാൻ
ഞാനുടക്കിനതിനേണനയനേ, നടമിടെൻ
നാവിലിച്ചയൊടു വച്ചടിയിണക്കമലതാർ.“
”താരിണങ്കിന തഴൈക്കുഴൽ മലർത്തയ്യൽമുലൈ-
ത്താവളത്തിലിളകൊളളുമരവിന്തനയനാ,
ആരണങ്കളിലെങ്ങും പരമയോകികളുഴ-
ന്റാലുമെന്റുമറിവാനരിയ ഞാനപൊരുളേ,
മാരി വന്തതൊരു മാമലയെടുത്തു തടയും
മായനേ, അരചനായ്‌ നിചിചരാതിപതിയെ
പോരിൽ നീ മുന്നം മുടിത്തമയെടുത്തു പുകഴ്‌വാൻ
പോകിപോകചയനാ, കവിയെനക്കരുൾചെയ്യേ.“
”അരുവൈ പാതിയുരുവായ പരനേ, ചരണതാ-
രകകുരുന്തുകൊടു തന്തതം നി നൈന്തുകൊൾവവ-
ർക്കരിയ വൻപിറവിയാം തുയരറുത്തുകളവോ-
രചുരനാചകരനേ, വിചയൻ വിൽത്തടിയിനാൽ
തിരുവുടമ്പുടയുമാറ്റന്തവന്നപിമതം
തെളുതെളുപ്പിൽ വിളയിച്ചു തെളിയിച്ച ചിവനേ,
അരചനാകി മതുചൂതനനിരാവണനെ വെ-
ന്റമയെനക്കു പുകഴ്‌വാൻ വഴി വരം തന്നരുളേ.“
”വഴിയെനക്കു പിഴയാതവണ്ണമുറ്റരുൾചെയ്യെൻ
മനകുരുന്തിലിളകൊണ്ടു, പുനൽകൊണ്ടു വടിവാ-
ണ്ടെഴുന്ത കൊണ്ടൽപതറും നെറിതഴത്തകുഴലീ,
ഇളമതിക്കു തുയർ പൊങ്ങി വിളങ്ങിന്റ നുതലീ,
ചുഴല നിന്റകിലലോകം വണങ്കിന്റ കഴലീ,
തുകിൽ പുലിത്തൊലികൊളളിന്റരനു തൻ കണ്ണിണപെ-
ട്ടഴിവുപെട്ട മലർവില്ലിയെയനങ്കനെ-
യവ്വളവുതോറ്റിന പെരുപ്പമുളള വെപ്പിൻമകളേ!“
”മകരകേതനനുടെ ചെനകനായർമകനായ്‌
വളരുമെങ്കൽ മറിമായൻ മണിമാർവിലിളകൊ-
ണ്ടകിലലോകങ്ങളിലും നിറഞ്ഞുനിന്നരുളുവോ-
രമലകോമളപയോതിതനയേ, അരചനായ്‌
ചെകങ്കളേഴും ഉലയിക്കുമന്നിചാചരവരൻ
ചിരങ്ങൾ പത്തുമങ്ങറുത്ത മനുവീരചരിതം
പുകഴുമെന്നെയിന്നു നോക്കിയരുൾവാക്കുടയ വേൽ-
പൊരുതു ചേലിടഞ്ഞിഴുന്റിന കടക്കൺമുനയാൽ.
“ഇടഞ്ഞു താനവരൈ വേരറ മുടിക്കുമടലിൽ വൻ-
പിലകുമിന്തിരനുമങ്കി നമനും നിരുതിയും
കുടിലവാരിപതി വായുവളകേചനരനും
കുളിർനിലാമതിവെയ്യോനുമുരകാതിപതിയും
വടിവുചേരവനിമാതുമയനും വിണ്ണവരും
മയിടനാചിനിയും മുക്കണ്ണർകനൽക്കണ്ണിലെഴും
കൊടിയ പൈരവിയും ആനനങ്ങളാറുളളവനും
കുതുമവാണനുമെനക്കു തുണയാകയിതിനേ.”
തുണയെനക്കിതിനു മിക്കവരു,മുൾക്കനമേറ-
ച്ചുരുങ്കിനോരകതിയെന്ററിഞ്ഞു നല്ലവരെല്ലാം,
പണിയിതർക്കിവനെനക്കരുതി നൊയ്യവർകളും,
പകയരാവതിനറപ്പരെന്നൊടൊപ്പമുടയോർ,
പിണങ്ങുവോരില്ലയെന്നും പൊഴുതു പോയിടയിട-
പ്പിഴമുഴുക്കിലും, എനത്തെളിഞ്ഞരക്കരെ മുന്നം
മണിവർണ്ണൻ മനുചനായ്‌പ്പൊരുത പോർക്കൊടുമതൻ
വഴിയുരൈപ്പതിനു കോലിനതെൻ മേതകൊടു ഞാൻ“
”മേത നൽകുക കവീന്തിരരിൽ മുമ്പുടയ വാ-
ന്മീകിയും പിന്നെ വിയാതനുമെനക്കതികമായ്‌
വേതവിത്തു നല്ലകത്തിയനൊരോ വകവകൈ
വേരിതിഴ്‌ക്കിന തമിഴ്‌ക്കവി പടൈത്ത മുനിയും
ഓതയിൽ തുയിലുമണ്ണൻ വിണ്ണുളാർ പുകഴ വ-
ന്തൂഴിയിൽ തചരതൻതനയനായവതരി-
ത്താതികാലമുളളരുന്തൊഴിൽകൾ ചെയ്‌തവ കഴി-
ഞ്ഞാഴിമാനിനിയെ മീണ്ട വഴി കൂറുവതിനായ്‌.“
”ആഴിമാതിനെ നിചാചരവരൻ കവർന്നുകൊ-
ണ്ടാടിമാതങ്കൾ വരുംമുന്നം മറന്ത വഴിയേ
ഊഴിമീതു നടന്നന്റു കവിമന്നനുറവാ-
യോടിനാടുകെനവേയരികൾ നാലു തിചൈയും
കീഴുമേലും വിനവിന്റളവിൽ വായുതനയൻ
കേടില്ലാത മതിയൊടു തിരയാഴി കടന്ന-
മ്മാഴനീൾമിഴിയെ മൈതിലിയെ നേടിയൊരിരാ
മാൽപുനന്തമയുരൈപ്പതിനരിപ്പമെങ്ങളാൽ.“
”മാൽപുനന്തവനറിന്തണഞ്ഞങ്ങങ്കുലീയവും
മാലവാർകുഴലിലെഴും മണികൈക്കൊളളുംമുന്നേ
വേൽപൊരുന്ന മിഴിയാൾക്കു നൽകിയപ്പൊഴുതിലേ
മേതിൽ വീഴ്‌ന്തടിപണിന്തു വിടയും തൊഴുതുപോയ്‌
ചേൽപൊരുന്തുമരിവീരൻ അലയാഴി കടന്ന-
ത്തീരമെയ്‌തിയിരുന്നൊൺ കവികൾ ചൂഴ്‌ന്തിനായ പൈ-
മ്പാൽ പൊരുന്തും മൊഴിയാൽ മൊഴിന്തനൻ തൊഴുതെല്ലാം
പാർമന്നൻതന്നൊടു മൈതിലിയുടേ ചരിതമേ.“
(കടപ്പാട്- പുഴ.കോം)