അ വ ന വ നാ ത്മ സു ഖ ത്തി നാ ച രി ക്കു ന്ന വ...





Thursday, December 19, 2013

നങ്ങേമക്കുട്ടി-ഒളപ്പമണ്ണ



ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട്  (1923-2000)

ഒറ്റപ്പാലം, വെള്ളിനേഴി, ഒളപ്പമണ്ണ മനയില്‍ 1923 ജനുവരി 10ന് നീലകണ്ഠന്‍ നമ്പൂതിരിപ്പാടിന്റേയും ദേവസേന അന്തര്‍ജനത്തിന്റേയും മകനായി ജനിച്ചു. കുട്ടിക്കാലത്ത് അച്ഛന്റെ കീഴില്‍ വേദവും സംസ്‌കൃത അധ്യയനവും നടത്തി. ചരിത്രം ഐച്ഛിക വിഷയമായെടുത്തു പാലക്കാട്ടു വിക്ടോറിയ കോളേജില്‍ ഇന്റമീഡിയറ്റിനു ചേര്‍ന്നെങ്കിലും പൂര്‍ത്തീകരിച്ചില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടറായും കേരള കലാമണ്ഡലം ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കൃതികള്‍
: വീണ, കല്പ്പന, കിലുങ്ങുന്ന കയ്യാമം, അശരീരികള്‍ , ഇലത്താളം, കുളമ്പടി, തീത്തൈലം,റബ്ബര്‍ ,വൈഫും മറ്റ് കവിതകളും, പാഞ്ചാലി, ഒലിച്ചുപോകുന്ന ഞാന്‍ , കഥാ കവിതകള്‍ , നങ്ങേമകുട്ടി , ആനമുത്ത് , അംബ , സുഫല, ദു:ഖമാവുക സുഖം, നിഴലാന, ജാലകപക്ഷി, വരിനെല്ല് 

പുരസ്കാരങ്ങള്‍ :
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (1966),കഥാ കവിതകള്‍ കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ്(1989), ഓടക്കുഴല്‍ അവാര്‍ഡ് നിഴലാനയ്ക്ക് എന്‍.വി സ്മാരക അവാര്‍ഡ്(1993)ജാലകപക്ഷി ഉള്ളൂര്‍ അവാര്‍ഡ് ( 1994) വരിനെല്ല് സമഗ്രസംഭാവനയ്ക്ക് ആശാന്‍ പുരസ്‌കാരം(1998) കേരള സാഹിത്യ അക്കാദമിയുടെ ഫെല്ലോഷിപ്പ്(1998) .
2000 ഏപ്രിൽ 10നു ഒളപ്പമണ്ണ അന്തരിച്ചു .

എട്ടുവര്‍ഷമെടുത്താണ് അദ്ദേഹം നങ്ങേമക്കുട്ടി പൂര്‍ത്തിയാക്കിയത്. ‘നങ്ങേമക്കുട്ടി’ യഥാര്‍ഥത്തില്‍ ഒരു സാമുദായിക രചനയാണ്. ഗായത്രംവൃത്തത്തില്‍ സ്വാഭാവികമായ വള്ളുവനാടന്‍ ഭാഷയില്‍ നമ്പൂതിരിസംസ്കാരത്തിന്‍െറ ആധാരത്തില്‍നിന്നുകൊണ്ടാണ് ഒളപ്പമണ്ണ നങ്ങേമക്കുട്ടി എഴുതിയത്. ......

 (തുടര്‍ന്ന് വായിക്കുക..)

Tuesday, December 10, 2013

പെരുന്തച്ചന്‍ -ജി ശങ്കരക്കുറുപ്പ്


Friday, December 6, 2013

ഹേ,ശ്യാമസൂര്യ! -ഓ എന്‍ വി കുറുപ്പ്

Monday, November 18, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ VI ഉണ്ണിയാടീചരിതം -ദാമോദരച്ചാക്യാർ



പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ മറ്റൊരു മണിപ്രവാള കൃതിയാണ് ഉണ്ണിയാടീചരിതം  .  .ലഭ്യമായിട്ടുള്ള ഗ്രന്ഥം അപൂർണമാണ് ദാമോദരച്ചാക്യാർ ആണ് ഇതിന്റെ രചയിതാവ് എന്നു കാണുന്നു കോട്ടയത്തിനടുത്തുള്ള മാങ്ങാനത്ത് ചാക്യാര്‍ കുടുംബത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. പതിന്നാലാം ശതകത്തിന്റെ അവസാനം കായംകുളം രാജ്യം ഭരിച്ചിരുന്ന കേരളവര്‍മയുടെ ആശ്രിതനും പണ്ഡിതനുമായിരുന്നു ഇദ്ദേഹം. ഉണ്ണിയാടീചരിതം, സംസ്കൃതകാവ്യമായ ശിവവിലാസം എന്നിവയാണ് ചാക്യാരുടെ പ്രമുഖ കൃതികള്‍
പ്രാചീന മണിപ്രവാളത്തിന്റെ സാരള്യത്തിനും മാധുര്യത്തിനും നിദര്‍ശനമാണ് ഉണ്ണിയാടീചരിതം.
. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. ചന്ദ്രപത്നിയായ രോഹിണി ഭര്‍തൃകാമുകിയായ പ്രാവൃട്ട് എന്ന ഗന്ധര്‍വ യുവതിയെ ശപിച്ചതിന്റെ ഫലമായി അവള്‍ ഉണ്ണിയാടി എന്ന പേരില്‍ കണ്ടിയൂര്‍ മറ്റത്ത് ജനിച്ചു. അവളുടെ പാട്ടിന്റെ മാധുര്യത്തെപ്പറ്റി കേട്ടറിഞ്ഞ ചന്ദ്രന്‍ അഞ്ചുദിവസത്തെ അന്വേഷണത്തിനുശേഷം കണ്ടിയൂര്‍ മറ്റത്ത് എത്തിച്ചേര്‍ന്നു. അവിടെ ക്ഷേത്രമുറ്റത്ത് കണ്ട ദാമോദരച്ചാക്യാരില്‍നിന്ന് 'ലോക ലോചന ചകോരചന്ദ്രിക'യായ ഉണ്ണിയാടിയെയും കുടുംബത്തെയും പറ്റി വര്‍ണിച്ചുകേട്ടു. ഗന്ധര്‍വന്മാരോടുകൂടി ഉണ്ണിയാടിയുടെ ഗൃഹത്തിലെത്തിയ ചന്ദ്രന്‍ ആ ഗൃഹത്തിന്റെ ഓരോ ഭാഗത്തും പാടു കിടക്കുന്ന ആഢ്യന്മാരായ നമ്പൂതിരിമാര്‍, വിടന്മാരായ പ്രഭുക്കന്മാര്‍, വര്‍ത്തകപ്രമാണികള്‍, മണിപ്രവാള കവികള്‍, ചെട്ടിമാര്‍ എന്നിവരെയാണു കണ്ടത്.
.രചനാസൗഷ്ഠവത്തിൽ മികച്ചുനിൽക്കുന്ന കാവ്യമാണിത് . ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നുവെങ്കിലും   പലേടത്തും ഗദ്യമാണ് കൂടുതൽ. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

പ്രാവൃട്ടിന്റെ സൗന്ദര്യം വര്‍ണിക്കുന്നത് 'അടിതൊടു മിനിയ കുഴല്‍ കുടിലത തടവു കുരുള്‍
തൊടുകുറികലിതനുതല്‍, നടമിടു പുരികനടി
ചടുലതയുടയ മിഴി, വടിവെഴുമധരരുചി,
ചുടരണി മറുവല്‍ നെറി, പടുതര മധുരമൊഴി'
എന്നാണ്.  ശബ്ദഭംഗി ദാമോദരച്ചാക്യാരുടെ ഭാഷയുടെ പ്രത്യേകതയാണ്. ഫലിതവും പരിഹാസവും കൃതിയിലുടനീളം കാണാം.  കൊല്ലം, കോഴിക്കോട്, മാടായി തുടങ്ങിയ സ്ഥലങ്ങളിലെ കച്ചവടസ്ഥലങ്ങളെപ്പറ്റിയും അവിടെ പ്രചാരത്തിലിരുന്ന കാശ്, പൊന്ന്, തിരമം, അച്ച്, ചോഴിയക്കാശ്, വെള്ളിപ്പണം തുടങ്ങിയ നാണയങ്ങളെക്കുറിച്ചും ഈ കൃതിയില്‍നിന്ന് അറിയാന്‍ കഴിയും.
അവലംബം :
1. കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
2. ഉണ്ണിയാടീചരിതം (വിക്കിപീടിയ)
3.ദാമോദരച്ചാക്യാര്‍

Saturday, November 16, 2013

തിരുനല്ലൂര്‍ കരുണാകരന്‍ -ഒരു തത്തയുടെ കഥ


മലയാളകവിതയുടെ ചരിത്രവഴികള്‍ V ഉണ്ണിയച്ചീചരിതം -തേവൻ ചിരികുമാരൻ



  പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും  മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യം എന്നും കരുതപ്പെടുന്ന  കൃതിയാണ് ഉണ്ണിയച്ചീചരിതം.. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട  കൃതിയാണിത്. ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌.

തേവർ ചിരികുമാരൻ  ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്ന് കാവ്യത്തിൽ പരാമര്‍ശിയ്ക്കുന്നു.

 ഈ കൃതിയില്‍  തന്നെയുള്ള പരാമര്‍ശങ്ങള്‍ വെച്ച് എ ഡി  1346 നു മുന്പായിരിയ്ക്കണം ഉണ്ണിയച്ചീചരിതം എഴുതപ്പെട്ടതു എന്ന് ഉള്ളൂര്‍ അനുമാനിയ്കുന്നു  .സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയായസുന്ദരിയായ ഉണ്ണിയച്ചിയില്‍ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം.

 അവലംബം :  കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
ഈ ലിങ്കുകള്‍ കാണുക
ഉണ്ണിയച്ചീചരിതം വിക്കിപീടിയ
പ്രാദേശികത ഉണ്ണിയച്ചീചരിതത്തില്‍ ശ്രീജിത്ത്‌,ജി

Thursday, November 14, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ IV ഉണ്ണിച്ചിരുതേവീചരിതം

ഉണ്ണിച്ചിരുതേവീചരിതം
(അജ്ഞാതകര്‍ത്തൃകം)

സംസ്കൃതഭാഷയിലെ ചമ്പുക്കളെ അനുകരിച്ചാണ് മലയാളഭാഷയിൽ ചമ്പുക്കൾ ഉണ്ടായത്. മണിപ്രവാളഭാഷയിൽ എഴുതപ്പെട്ടതിനാൽ ഇവ മണിപ്രവാളചമ്പുക്കൾ എന്നറിയപ്പെടുന്നു. ഗദ്യപദ്യമയമായ കാവ്യങ്ങളാണ്‌ ചമ്പുക്കൾ. ചമ്പൂകാവ്യങ്ങൾ വർണനാപ്രധാനങ്ങളാണ്‌. മണിപ്രവാളചമ്പുക്കളുടേയും ലക്ഷ്യം വർണനയായിരുന്നു. ചമ്പുക്കളുടെ അതിപ്രസരംതന്നെ മദ്ധ്യകാല മലയാളസാഹിത്യത്തിലുണ്ട് ‍‌. പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. ഉണ്ണിയച്ചീ ചരിതം  ഉണ്ണിയാടീചരിതം എന്നിവയെപ്പോലെ തന്നെ  സ്വതന്ത്രകല്പനകള്‍ ആയി രചിയ്ക്കപ്പെട്ടിട്ടുള്ള കൃതിയാണ് ഉണ്ണിച്ചിരുതേവീചരിതവും .രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം.
ബ്രാഹ്മണഗ്രാമങ്ങളിൽ ‘നായകമണി’യായ ചോകിരം ഗ്രാമത്തിൽ (ഇന്നത്തെ ശുകപുരം) ആതവർമ്മ സ്ഥാപിച്ച ക്ഷേത്രത്തിന്റെ പുരാവൃത്തത്തെയും അവിടെ പ്രതിഷ്ഠിച്ച അർദ്ധനാരീശ്വരനായ തെങ്കൈലനാഥനെയും സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. . ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്.

 ചോകിരം ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന പൊയിലം എന്ന സ്ഥലത്തിന്റെ വർണ്ണനയാണ് പിന്നീട്.  
പുതുമലർക്കാവിൽവന്നെഴുമിളംകൊടികളും
കൊടികൾപൂവിതളിൽനിന്റുതിരുമപ്പൊടികളും
ചുഴലവും കമുകിനൈത്തഴുകുമക്കൊടികളും
കൊടി നനൈപ്പാൻ വരും മൃദുനടുക്കൊടികളും
മഹിതകര്‍മ്മങ്ങളില്‍ പരിഗളന്മടികളും
തുംഗമേധാപതത് കുതിരതന്നടികളും
വനമുഖേ ചകിത മാന്‍ ഝടിതി പാഞ്ഞൊടികളും
നദികളില്‍ കലിവിധൌ കൃതവധൂതുടികളും
നളിനിയില്‍കളിചെയ്യും കളഭമും പിടികളും
വിഫലസൂകരമഹാ മുരിടകൈത്തടികളും
വിടരിൽ നന്മുടികളും പെരുക നല്ലടികളും
നടികളും കുടികൊളും പൊയിലമെന്റുണ്ടു
തത്രൈവ ഭാഗേ.

പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ ഉണ്ണിച്ചിരുതേവീചരിതത്തിൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു . കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ  തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും ഇവിടെയുണ്ട്
.മണിപ്രവാളസാഹിത്യത്തിൽ വർണ്ണിക്കുന്ന കൂത്തസ്ത്രീകൾ ദേവദാസികളല്ല, കൂത്തമ്പലങ്ങളിൽ കൂത്തുനടത്തുന്ന അമ്പലവാസിസ്ത്രീകളാണ് എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്;.. മണിപ്രവാളസാഹിത്യത്തിൽ കൂത്തിനുള്ള സ്ഥാനം ഉണ്ണിച്ചിരുതേവീചരിതത്തിലും പ്രകടമാണ്. ‘നടവിടകവിവരകേളീനില’യമാണ് ചോകിരം ഗ്രാമം. ‘വിടരിൽ നന്മുടികളും പെരുകു നല്ലടികളും നടികളും’ കുടികൊള്ളുന്നതാണ് അവിടത്തെ പൊയിലം

വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ശബ്ദാലങ്കാരങ്ങളിലും കവി പിറകിലല്ല. ഉണ്ണിച്ചിരുതേവിയുടെ വർണ്ണന ഇങ്ങനെ ..
“ ചെന്താമരമലർ ചേവടിയെന്റാൽ
ചെന്തളിരെന്നൈ വെടിഞ്ഞിടുമല്ലോ.
പുറവടി നളിനപ്പുറവിതളെന്റാൽ
പുനരാമൈക്കു മുകം പിഴയാതോ?
കേതകിമൊട്ടു കണൈക്കാലെന്റാൽ
കേകിഗളങ്ങൾ പലാതികൾ കേഴും.'

കാവ്യഗുണം കൊണ്ട് മറ്റു രണ്ടു അച്ചീചരിതങ്ങളിലും മുന്നിട്ടുനില്‍ക്കുന്നുണ്ട് ഈ കൃതി എന്നാണു പണ്ഡിതമതം . കിളിപ്പാട്ട്, അമ്മാനപ്പാട്ട്, സന്ദേശപ്പാട്ട്, കുയിൽവൃത്തം, ഗാഥ തുടങ്ങിയ കാവ്യരൂപങ്ങളെക്കുറിച്ചുള്ള സൂചന ഉണ്ണിച്ചിരുതേവീചരിതത്തിലുണ്ട്. ലീലാതിലകത്തിൽ ഉദ്ധരിച്ച ‘സംസ്കൃതമാകിന ചെങ്ങഴിനീരും നറ്റമിഴാകിന പിച്ചകമലരും’ എന്ന മണിപ്രവാളത്തെക്കുറിച്ചുള്ള ആശയം ഉൾക്കൊള്ളുന്ന ഭാഗവും ഉണ്ണിച്ചിരുതേവീചരിതത്തിൽ കാണാം.

അവലംബം : 1.വിക്കിപീഡിയ
2.കാവ്യരത്നാകരം(ശൂരനാട്ട് കുഞ്ഞന്‍ പിള്ള,സാഹിത്യ അക്കാദമി)
3.മധ്യകാലമലയാളകവിത(ഡോ:അയ്യപ്പപ്പണിയ്ക്കര്‍,നാഷണല്‍ ബുക്ക്‌ ട്രസ്റ്റ്‌ )

Tuesday, November 12, 2013

സൗഹൃദം -ഡി വിനയചന്ദ്രന്‍

കണ്ണന്റെ അമ്മ- സുഗതകുമാരി

എം.ആർ. ഭട്ടതിരിപ്പാട്-വളപ്പൊട്ടുകള്‍


എം.ആർ. ഭട്ടതിരിപ്പാട് (1909-2001)

1909 ല്‍  മലപ്പുറം ജില്ലയിലെ  പഴയ പൊന്നാനി താലൂക്കിലെ വന്നേരിമുല്ലമംഗലത്ത്  ജനിച്ചു, സാഹിത്യകാരനും കവിയും എന്നതിലുപരി സാമൂഹ്യ പരിഷ്കര്‍ത്താവ്‌ എന്ന നിലയിലാണ് എം ആര്‍ രാമന്‍ ഭട്ടതിരിപ്പാട് അറിയപ്പെടുന്നത് .അറിയപ്പെടുന്ന പത്രപ്രവര്‍ത്തകനും ആയിരുന്നു അദ്ദേഹം .ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ കേരള സമൂഹത്തില്‍ നിലനിന്നിരുന്ന
സാമൂഹിക ഉച്ചനീചത്വങ്ങളും അയിത്തവും ജാതിചിന്തയും  സവര്‍ണ്ണ അവര്‍ണ്ണ സമുദായങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയും ചേരിതിരിവും ഇല്ലാതാക്കാനായി ശ്രമിച്ച  സാമൂഹിക പരിഷ്കര്‍ത്താക്കളുടെ കൂട്ടത്തില്‍  അക്കാലത്ത് വി.ടി യോടൊപ്പം നിന്ന പുരോഗമനേച്ഛക്കളായ നമ്പൂതിരി സമുദായാംഗങ്ങളില്‍  പ്രമുഖനായിരുന്നു അദ്ദേഹം.
പുരോഗമനവാദികളായ നമ്പൂതിരി യുവാക്കള്‍ വിധവാ വിവാഹം പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിയപ്പോള്‍ അന്നാദ്യം മുന്നോട്ടുവന്നത് ചെറുപ്പക്കാരനായ എം.ആര്‍.ഭട്ടതിരിപ്പാടായിരുന്നു. പ്രമുഖ നടനും കവിയുമായ  പ്രേംജി ഇദ്ദേഹത്തിന്‍റെ സഹോദരനായിരുന്നു.
നാടകം, കവിത, ഉപന്യാസം എന്നീ രംഗങ്ങളിൽ തന്റേതായ സംഭാവന നൽകിയിട്ടുണ്ട്. 2001ൽ അന്തരിച്ചു..
പ്രധാന കൃതികൾ
    മറക്കുടയ്ക്കുള്ളിലെ മഹാനരകം,    വാൽക്കണ്ണാടി,    മുഖച്ഛായ,    മുളപൊട്ടിയ വിത്തുകൾ,
    സുവർണഛായകൾ,   വളപ്പൊട്ടുകൾ,    താമരയിതളുകൾ

Wednesday, November 6, 2013

Wednesday, October 30, 2013

മലയാളകവിതയുടെ ചരിത്രവഴികള്‍ III ലീലാതിലകം



മണിപ്രവാളം

മലയാള സാഹിത്യ ചരിത്രത്തിലെ ഏറെ സമ്പന്നമായ കാലത്തെ പ്രതിനിധാനം ചെയ്യുന്നു മണിപ്രവാള സാഹിത്യം. ഭാഷ, കാവ്യപ്രമേയം, രചനാകൗശലം, കാവ്യ സൗന്ദര്യം എന്നീ ഘടകങ്ങളിൽ ഒരു പുതിയ വഴി വെട്ടിത്തുറന്ന പ്രസ്ഥാനമാണിത്.
ആര്യന്മാർ കേരളത്തില്‍ ആധിപത്യം നേടിയതിനുശേഷം പതിമൂന്നാം നൂറ്റാണ്ടിൽ പാട്ടിന് സമാന്തരമായിത്തന്നെ ആവിർഭവിച്ച കാവ്യരീതിയാണ് മണിപ്രവാളം.സംസ്കൃതവും മലയാളവും പരസ്പരം വേറിട്ടറിയാൻ കഴിയാത്ത വിധം കലർത്തിയുള്ള കാവ്യരചനാ സമ്പ്രദായമാണ് ഇത്. പതിനാലാം നൂറ്റാണ്ടിൽ സംസ്കൃതത്തിൽ രചിക്കപ്പെട്ട ലീലാ തിലകം എന്ന ഗ്രന്ഥമാണ് മണിപ്രവാളത്തിൻറെയും പാട്ടിൻറെയും ലക്ഷണങ്ങൾ നിർവചിച്ചിട്ടുള്ളത്.
ലീലാതിലകം
മണിപ്രവാള(മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം.രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു [1]. ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ൽ ഈ പുസ്തകം ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്.
  
എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്.സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം ഓരോ ശില്പത്തിലേയും ഉള്ളടക്കം താഴെക്കൊടുക്കും പ്രകാരമാണ്.
ഒന്നാം ശില്പം :ഒന്നാം ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാർക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങൾ, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
രണ്ടാം ശില്പം:രണ്ടാം ശില്പത്തിൽ  ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം  എന്നിങ്ങനെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു.
മൂന്നാം ശില്പം:മൂന്നാം ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി,ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു.
നാലാം ശില്പം:നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം,ഇരുപത് ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുർവൃത്തം, സാമാന്യം, ശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങൾ, സ്ത്രീകൾക്ക് പേരിടൽ എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു.
അഞ്ചാം ശില്പം:അഞ്ചാമത്തെ ശില്പത്തിൽ  ശില്പനിരൂപണം, ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു.
ആറാം ശില്പം:ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം,ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങൾ.
ഏഴാം ശില്പം:ഏഴാം ശില്പം അർത്ഥാലങ്കാര ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം.
എട്ടാം ശില്പം:എട്ടാം ശില്പത്തിൽ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.

അവലംബം: ശൂരനാട്ട് കുഞ്ഞൻ പിള്ളയുടെ 'മലയാള കാവ്യ രത്നാകരം '( സാഹിത്യ അക്കദമി ),വിക്കിപീടിയ
Sayahna എന്ന  ഈ ലിങ്ക് കൂടി സന്ദർശിക്കൂ :

Thursday, October 24, 2013

Monday, October 21, 2013

Sunday, October 13, 2013

Wednesday, October 2, 2013

മോഹൻദാസ് ഗാന്ധിയും നാഥൂരാം ഗോഡ്സെയും -എൻ വി കൃഷ്ണവാര്യർ


എൻ.വി. കൃഷ്ണവാരിയർ (1916 -1989 )


മലയാളത്തിലെ പത്രപ്രവർത്തനം, വിജ്ഞാനസാഹിത്യം, കവിത, സാഹിത്യ ഗവേഷണം എന്നീ മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ ഒരു വ്യക്തിത്വമായിരുന്നു എൻ.വി. കൃഷ്ണവാരിയർ .ബഹുഭാഷാപണ്ഡിതൻ, കവി, സാഹിത്യചിന്തകൻ എന്നീ നിലകളിലും എൻ.വി. കൃഷ്ണവാരിയർ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. മലയാളസാഹിത്യവിമർശന രംഗത്തെ പുരോഗമനവാദികളിൽ ഒരാളായിരുന്നു ഇദ്ദേഹം.

1916 മെയ് 13 ന് തൃശൂരിലെചേർപ്പിൽ ഞെരുക്കാവിൽ വാരിയത്ത്  ജനനം.അച്ഛൻ: അച്യുത വാരിയർ. അമ്മ:മാധവി വാരസ്യാർ.വല്ലച്ചിറ പ്രൈമറി സ്കൂൾ,പെരുവനം സംസ്കൃത സ്കൂൾ,തൃപ്പൂണിത്തുറ സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.മദ്രാസ് സർവകലാശാലയിൽ ഗവേഷണം.വ്യാകരണ ഭൂഷണം, സാഹിത്യ ശിരോമണി, ബി.ഒ.എൽ,എം.ലിറ്റ്,ജർമ്മൻ ഭഷയിൽ ഡിപ്ലോമ, രാഷ്ട്രഭാഷാ വിശാരദ് തുടങ്ങിയ ബിരുദങ്ങൾ നേടി  വിവിധ ഹൈസ്കൂളുകളിൽ അദ്ധ്യാപകനായിരുന്നു . 1942 ൽ ജോലി രാജിവെച്ച് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു.ഒളിവിൽ പോകുകയും `സ്വതന്ത്ര ഭാരതം' എന്ന നിരോധിക്കപ്പെട്ട പത്രം നടത്തുകയും ചെയ്തു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിലും തൃശൂർ കേരളവർമ്മ കോളേജിലും ലക്‌ചററായി.1968-75 കാലത്ത് കേരള ഭാഷാഇൻസ്റ്റിറ്റൂട്ടിന്റെസ്ഥാപക ഡയറക്ടറായി പ്രവർത്തിച്ചു. മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മുഖ്യ പത്രാധിപരും കുങ്കുമം വാരികയുടെ പത്രാധിപരുമായിരുന്നു.വിജ്ഞാന കൈരളി പത്രാധിപർ,മധുരയിലെ ദ്രാവിഡ ഭാഷാ സമിതിയുടെ സീനിയർ ഫെലോ എന്നീ നിലകളിലും പ്രവർത്തിച്ചു. . ആദ്യ കവിതാസമാഹാരമായ "നീണ്ടകവിതകൾ" 1948 ൽ പ്രസിദ്ധീകരിച്ചു. "ഗാന്ധിയും ഗോഡ്‌സേയും" എന്ന കവിതാസമാഹാരത്തിനും "വള്ളത്തോളിന്റെ കാവ്യശില്പം" എന്ന നിരൂപണഗ്രന്ഥത്തിനും "വെല്ലുവിളികൾ പ്രതികരണങ്ങൾ" എന്ന വൈജ്ഞാനിക സാഹിത്യ പുസ്തകത്തിനും കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ ലഭിച്ചു. 1989 ഒക്ടോബർ 12 ന്‌  അന്തരിച്ചു.
പ്രധാന കൃതികൾ

കവിതകൾ
    എൻ വിയുടെ കവിതകൾ(സമ്പൂർണ്ണ സമാഹാരം),    അകം കവിതകൾ,    അക്ഷരം പഠിക്കുവിൻ,    എൻ വിയുടെ കൃതികൾ,    കാവ്യകൗതുകം,    കാളിദാസന്റെ സിംഹാസനം,    നീണ്ടകവിതകൾ,    കുറേക്കൂടി നീണ്ട കവിതകൾ,    കൊച്ചുതൊമ്മൻ,    പുഴകൾ,,    രക്തസാക്ഷി,    വിദ്യാപതി,    ഗാന്ധിയും ഗോഡ്‌സേയും,    ചാട്ടവാർ ചിത്രാംഗദ (ആട്ടക്കഥ),   ബുദ്ധചരിതം(ആട്ടക്കഥ)

ലേഖനങ്ങൾ,പഠനങ്ങൾ, പ്രബന്ധങ്ങൾ

    എൻ വിയുടെ ഗവേഷണ പ്രബന്ധങ്ങൾ,    എൻ വിയുടെ സാഹിത്യ വിമർശനം,    വള്ളത്തോളിന്റെ കാവ്യശില്പം (നിരൂപണം),    കലോൽസവം,    വെല്ലുവിളികൾ പ്രതികരണങ്ങൾ,    മനനങ്ങൾ നിഗമനങ്ങൾ,    വീക്ഷണങ്ങൾ വിമർശങ്ങൾ,    അന്വേഷണങ്ങൾ,കണ്ടെത്തലുകൾ,    ആദരാഞ്ജലികൾ,    പരിപ്രേക്ഷ്യം,    പ്രശ്നങ്ങൾ,,പഠനങ്ങൾ,    ഭൂമിയുടെ രസതന്ത്രം,    മേല്പത്തൂരിന്റെ വ്യാകരണ പ്രതിഭ,    വിചിന്തനങ്ങൾ വിശദീകരണങ്ങൾ,    വ്യക്തിചിത്രങ്ങൾ,    സമസ്യകൾ സമാധാനങ്ങൾ,    സമാകലനം,    സംസ്കൃത വ്യാകരണത്തിന് കേരളപാണിനിയുടെ സംഭാവനകൾ,    സ്മൃതിചിത്രങ്ങൾ,    ഹൃദയത്തിന്റെ വാതായനങ്ങൾ
    A History of Malayalam (English)

യാത്രാവിവരണം

  അമേരിക്കയിലൂടെ,    ഉണരുന്ന ഉത്തരേന്ത്യ,    പുതിയ ചിന്ത സോവിയറ്റ് യൂണിയനിൽ

നാടകങ്ങൾ
  അസതി,    എൻ വിയുടെ നാടകങ്ങൾ,    വാസ്ഗോഡിഗാമയും മറ്റ് മൂന്നു നാടകങ്ങളും,    വീരരവിവർമ്മ ചക്രവർത്തി
ബാലസാഹിത്യം

ജാലവിദ്യ,    ലേഖനകല

വിവർ‍ത്തനങ്ങൾ

   ഏഴു ജർമ്മൻ കഥകൾ,    ഗാന്ധിയുടെ വിദ്യാർത്ഥി ജീവിതം,    ദേവദാസൻ,    മന്ത്രവിദ്യ,    സുമതി

അവലംബം:വിക്കിപീഡിയ

Tuesday, September 17, 2013

Wednesday, September 11, 2013

കടത്തനാട്ടു മാധവിയമ്മ- മലനാട്ടിന്റെ പൊന്നോണം


യുദ്ധകാലത്തെ ഓണം - ഇടശ്ശേരി


Tuesday, September 10, 2013

നന്ദി തിരുവോണമേ നന്ദി -എൻ എൻ കക്കാട്


തിരുവോണം-വിജയലക്ഷ്മി


Friday, August 23, 2013

Saturday, August 17, 2013

Tuesday, February 19, 2013

എ ആര്‍ രാജരാജവര്‍മ്മ -മലയവിലാസം (ഒരു ഭാഗം)

കവിത കേള്‍ക്കാം

മലയാളഭാഷയുടെ വ്യാകരണം ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് കേരളപാണിനി എന്ന് അറിയപ്പെട്ടിരുന്ന എ.ആർ. രാജരാജവർമ്മ (ജീവിതകാലം:1863  - 1918 മുഴുവൻ പേര്: അനന്തപുരത്തു രാജരാജവർമ്മ രാജരാജവർമ്മ).
കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയുടെയും ഭരണി തിരുനാൾ തമ്പുരാട്ടിയുടെയും മകനായി  ചങ്ങനാശ്ശേരി ലക്ഷ്മീപുരം കോവിലകത്ത് ജനനം/
പന്ത്രണ്ട് വയസ്സായപ്പോഴേക്കും കണക്കും കൂട്ടിവായനയും പഠിച്ചു.  കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്റെ  കീഴിൽ  നാലഞ്ചുകൊല്ലം വിദ്യാഭ്യാസം .
1881-ൽ സർക്കാർ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിൽ നാലാം ക്ലാസ്സിൽ ചേര്‍ന്നു. ഇരുപതാമത്തെ വയസ്സിൽ  മട്രിക്കുലേഷൻ പാസ്സായി. പിന്നീട് . എഫ്‌.എ. പരീക്ഷയും രസതന്ത്രം ഐച്ഛികമായെടുത്ത് ബി.എ. പരീക്ഷയും വിജയിച്ചു.
 1890-ൽ എ.ആറിനെ സംസ്കൃത പാഠശാലയിൽ ഇൻസ്പെക്ടറായി നിയമനം ലഭിച്ചതിനുശേഷമുള്ള  കാലയളവിൽ നിഷ്കൃഷ്ടമായ പാഠ്യപദ്ധതിയും പാശ്ചാത്യരീതിയിലുള്ള ശിക്ഷാക്രമവും നടപ്പാക്കി. ജോലിക്കിടയിൽ സംസ്കൃതത്തിൽ എം.എ. എഴുതിയെടുത്തു.
1894-ൽ സംസ്കൃത മഹാപാഠശാലയിലെ പ്രിൻസിപ്പലായി നിയമിതനായി. അഞ്ചുവർഷത്തിനുശേഷം അദ്ദേഹംതിരുവനതപുരം മഹാരാജാസ്‌ കോളേജിലെ നാട്ടുഭാഷാ സൂപ്രണ്ടായി. . 13 വർഷത്തിനുശേഷം അദ്ദേഹത്തിന് സംസ്കൃത-ദ്രാവിഡ ഭാഷകളുടെ പ്രൊഫസ്സറായി സ്ഥാനക്കയറ്റം ലഭിച്ചു.
 വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം,ഛന്ദശ്ശാസ്ത്രം  അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. കേരളപാണിനീയം എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ കേരളപാണിനി എന്നും  വിശേഷിപ്പിച്ചുപോരുന്നു.
കൃതികള്‍  : കേരളപാണിനീയം,ഭാഷാഭൂഷണം , വൃത്തമഞ്ജരി ശബ്ദശോധിനി ,സാഹിത്യസാഹ്യം,മാധ്യമവ്യാകരണം,പ്രഥമവ്യാകരണം, മണിദീപിക ,(മലയാള വ്യാകരണ ഗ്രന്ഥങ്ങള്‍) ചിത്രനക്ഷത്രമാല, ലഘുപാനിനീയം I, ലഘുപാണിനീയംII(സംസ്കൃത  വ്യാകരണ ഗ്രന്ഥങ്ങള്‍) മലയവിലാസം(കവിത കേള്‍ക്കാം) ,ഭൃംഗവിലാപം (കവിത) സ്വപ്നവാസവദത്തം,ഭാഷാകുമാരസംഭവം,ഭാഷാമേഘദൂത്,മലയാളശാകുന്തളം, മാളവികാഗ്നിമിത്രം, ചാരുദത്തം,പ്രസാദമാല
കൂടാതെ സാഹിത്യസംബന്ധിയായ അനേകം സംസ്കൃതഗ്രന്ഥങ്ങള്‍ , വ്യാഖ്യാന ഗ്രന്ഥങ്ങള്‍ എന്നിവയും അദ്ദേഹത്തിന്റെതായിട്ടുണ്ട്

കൂടുതല്‍  വിവരങ്ങള്‍ക്ക് :(അവലംബം) http://ml.wikipedia.org/wiki/%E0%B4%8E.%E0%B4%86%E0%B5%BC._%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B0%E0%B4%BE%E0%B4%9C%E0%B4%B5%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE